Monday 14 March 2011

കാറ്റിനും മഴത്തുള്ളിക്കും പ്രണയം



കാറ്റിനും മഴത്തുള്ളിക്കും പ്രണയം

മന്ദമായ് പാറിപ്പറന്നു ഞാന്‍ വന്നതും
മന്ദാരപ്പൂ മണം പാരില്‍ പരന്നതും
പാറിപ്പറന്ന നിന്‍ കൂന്തലില്‍ തൊട്ടതും
കാര്‍കൂന്തലത്തിന്‍ മേല്‍‍ക്കെട്ടഴിഞ്ഞതും

സ്പര്‍ശനത്താല്‍ പിന്നെ കോരിത്തരിച്ചതും
നയനങ്ങള്‍ നാണിച്ചു ഇമകളടച്ചതും
അളകങ്ങളോരോന്നും കഥകള്‍ പറഞ്ഞതും
കരിവളകളോരോന്നു ആര്‍ത്തു ചിരിച്ചതും

പാദസ്വരങള്‍ ചിലംബിച്ചു നിന്നതും
കാല്‍നഖം കൊണ്ട് നീ ഇഷ്ട്ടം പറഞ്ഞതും
ഹൃദയമാം പൊയ്കയില്‍ മുങ്ങിക്കുളിച്ചതും
ഓര്ക്കുന്നു ഞാനിന്നുമെന്‍ പ്രേമലഹരിയായ്

- ശിവദാസന്‍ എ. മേനോന്‍

Thursday 3 February 2011


ഈ ഖത്തറിന്‍ ‍മരുഭൂമിയില്‍

പൊള്ളുന്ന മണലുള്ള മരുഭൂമിയില്‍
വന്നെത്തി ഞങ്ങളന്നാദ്യമായി
തീ പോലെ പൊള്ളും വെളിയിലെല്ലാം
മേയുന്നിതല്ലോ ഒട്ടകങ്ങള്‍

പുതുതായ മൊബൈല്‍ ചെവിയില്‍ വെച്ച്
ഗമയോടെ ലാന്‍ഡ്‌ക്രൂസറില്‍ പറക്കും
തുടുപ്പിച്ച കവിളുള്ള സുന്ദരന്മാര്‍
ആര്‍ത്തുല്ലസിക്കുന്ന കാഴ്ച കാണാം

നീണ്ടുള്ള തൂവെള്ള കുപ്പായവും
തലയില്‍ വിരിക്കുന്ന തൂവാലയും
തൂവാല പാറാതിരിക്കുവാനായ്‌
കുഞ്ചലം പോലുള്ളിരുണ്ട ചരടും

ഏഴുണ്ടഴക് കറുപ്പിനത്രേ
കണ്‍കളിന്നാഴമോ സുറുമയാലെ
കറുപ്പിന്‍ തുണിയാല്‍ മുഖം മറക്കും
തരുണീ മണികളുമുണ്ടിവിടെ

മണല്‍‍ക്കൂനയില്‍ ‍തന്‍ കസര്‍ത്ത് കാട്ടും
ചങ്കൂറ്റമേറും കിടാങ്ങളുണ്ട്
ഹെന്നയാല്‍ കയ്യിന്‍ അഴകു കൂട്ടും
കലാപ്രതിഭയുമുണ്ടിവിടെ

മുഴുങ്ങും നിസ്ക്കാര വിളികളുണ്ട്‌
ഈന്തപ്പനകളിന്‍ നിരകളുണ്ട്
അംബരം ചുംബിക്കുമാറുയര്‍ന്ന
കെട്ടിടക്കൂട്ടവുമുണ്ടിവിടെ

കടലിന്ടെ ഭംഗി മെനഞ്ഞെടുക്കാന്‍
കരിങ്കല്‍ പതിച്ച കോര്‍നീഷുമുണ്ട്
ആകാരഭംഗി മെനഞ്ഞെടുക്കാന്‍
നെട്ടോട്ടമോടുന്നു നാമെല്ലാരും
@@@@@@@

പിറന്നാള്‍ മഹത്ത്വം

പിറന്നാള്‍ ദിവസങ്ങളോടി അകന്നിടുമ്പോള്‍
ഓര്‍ക്കുകയില്ല നമ്മള്‍
പിറന്നാല്‍ പിരിയുന്നൊരു നാള്‍ വന്നിടുമെന്ന
ഞടുക്കും വസ്തുതയും
തുറന്നാല്‍ അടയുന്നൊരു ഗ്രന്‍ധമീ ജീവിത-
മെന്നത്‌ നിജമെന്നു
മറന്നാല്‍ ദിവസങ്ങളോടിയകലുന്നതു-
മറിയുകയില്ല നമ്മള്‍
ഉറങ്ങാതെ ദിനങ്ങളെണ്ണിക്കഴിയുന്നതു
വെറും വിഡ്ഢിത്തമെന്നാ-
ലുറങ്ങീട്ടു ദിനങ്ങള്‍ പാഴാക്കിടുന്നതിലും
മോശമെന്നതും നിജം
നുറുങ്ങായി മാത്രം ശേഷിക്കുന്നോരീ ജീവിത-
നാളുകളെത്ര വേഗം
കറങ്ങീട്ടു തീര്‍ക്കുവാനൊക്കുമെന്ന് നിനച്ചു
തിമിര്‍ക്കുക ലോകമൊട്ടും

അറുത്ത കൈകളിലുപ്പ് തേക്കാത്തവരുള്ള
യീ ലോകമെമ്പാടുമേ
കറുത്ത മുഖങ്ങളില്‍ ചായം തേച്ചു പിടിപ്പി-
ച്ചവരാണധികവും
ചെറുത്തു നിന്നു പയറ്റണം ജീവിതമാകും
മഹാ നദിക്കക്കരെ
മറുത്തു കടന്നൊരു പുതു ജീവിതമുണ്ടാ-
ക്കിയെടുത്തുയരുവാന്‍

നിറഞ്ഞ മനസ്സാലേവരെയും സ്വീകരിക്കാന്‍
സാധ്യമായാലവയെ
മുറിഞ്ഞു പോകാത്തൊരു ചങ്ങല പോലെയാക്കി
തീര്‍ക്കുമാറാക്കിടേണം
പറഞ്ഞു പോയിടും വാക്കുകളോരോന്നും കറ
തീര്‍ത്തു നല്‍കിടേണം
എറിഞ്ഞ അമ്പും പറഞ്ഞ വാക്കും തിരിച്ചെടു-
ക്കുവാനാവില്ല കഷ്ട്ടം


@@@@@@@

വിഷുപ്പക്ഷിയുടെ വിത്തും കൈകോട്ടും

സ്വര്‍ഗ്ഗ സദസ്സിലെ ഗായകനോ അതോ
ഇന്ദ്രസദസ്സിലെ ഗായികയോ
ശ്രവണ മാധുര്യമീ നാദമെങ്കിലും നിന്‍റെ
നാദത്തിന്‍ ഗമനം അജ്നാതമല്ലോ

സംഗീതം നിന്നുടെ ജന്മ സാഫല്യമോ
ചൊല്ലിത്തരുന്നത്‌ ആരെന്നു ചൊല്ലുമോ
മൂളുമോ ചെവിയിലായ്‌ ഒരു വട്ടമെങ്കിലും

വിഷുക്കൈ നീട്ടങ്ങള്‍ ആകട്ടെ ദക്ഷിണ



മഞ്ഞപ്പൂക്കളോടാണോ നിനക്കിഷ്ട്ടം
കൊന്നപ്പൂക്കള്‍ തന്‍ പന്തലുയര്‍ത്ത്തട്ടെ
പൂത്തിരി പ്രഭയാല്‍ ദീപം തെളിച്ചിടാം
പൊന്‍ വെള്ളരിക്കയാല്‍ വെച്ചിടാം പച്ചടി

കൂട് വിട്ടോടിയെന്‍ പൂമുഖത്തെത്തുമോ
പട്ടു വിരിപ്പ് വിരിച്ചെതിരേറ്റിടാം
യവനികക്കുള്ളിലായ്‌ മാര്‍ഗയുന്നതെന്തിനായ്‌
കാണട്ടെ നിന്നുടെ ദിവ്യമാം പൂമുഖം


എങ്ങുന്നു വന്നു നീ എങ്ങോട്ട് പോണു നീ
എന്തിനായ്‌ വന്നു ഈ വിത്തും കൈകോട്ടുമായ്
വിഷുവിന്ടെ നാളുകള്‍ വന്നു ചേരുന്നെന്ന്
ഓതുകയല്ലെയീ പക്ഷി തന്‍ കര്‍മ്മവും

@@@@@@@


ചങ്ങല

കെട്ടിയിട്ടതെന്തിനെന്നെ ചൊല്ലുമോയെന്‍ കൂട്ടരേ
കൂട്ടിലിട്ട പറവയെ പോല്‍ ‍ചിറകടിക്കുന്നെന്‍ ‍മനം
വട്ടമിട്ടു മുകളിലായ്‌പറക്കുമാ കഴുകനെ പോല്‍
കൂട്ടമിട്ടു വെളിയില്‍ ‍നിന്ന് ‌വീക്ഷിപ്പതെന്തിനായ്‌

പൊട്ടത്തരങ്ങളൊന്നും ചെയ്തതില്ല പിന്നെയെന്നെ
പൊട്ടനെന്ന് മുദ്ര കുത്തി കെട്ടിയിട്ടു മാതുലന്‍
വട്ടുതന്നെയെന്ന്‌ ചൊല്ലി കണ്ണിയിട്ടു ചേര്‍ത്തുവെന്നെ
പൂട്ടിയിട്ടതെന്തിനായ്‌ തുറക്കുകില്ലേ കണ്ടിടാം

പട്ടുടുത്തു പൊട്ടുകുത്തി ചേര്‍ത്ത്തിരുത്തി എന്നെയാ
വട്ടമിട്ടു മന്ത്രമോതും സ്വാമിമാര്‍തന്‍ ‍നടുവിലായ്‌
വിട്ടുപോകാന്‍ ആക്ഞ്ഞയോടെ പ്രഹരമേകി ആകുവോളം
ഒട്ടിനിന്നു പ്രേതബാധ വിട്ടതില്ല എന്നില്‍ ‍നിന്നും

ആട്ടുകട്ടില്‍ ‍തൂങ്ങി നില്‍ക്കും കണ്ണികള്‍തന്‍ ‍ആരവങ്ങള്‍
കേട്ട് കേട്ടുറങ്ങുമെന്നെ തൊട്ടുണര്‍ത്തീതെന്തിനാ
കൊട്ടിപ്പാടിയെത്ത്തും ഇടക്കയിന്‍ ‍സ്വരം കണക്കെ
പാട്ട് പാടിയാട്ടുമെന്നെ നിദ്രയാകും ദേവി തന്നെ

കൊട്ടുമാര്‍പ്പും കുരവയും മണ്ഡപത്തില്‍ ‍താലി കെട്ടു
കെട്ടുതാലി വീണുവെന്‍ ‍ദേവി തന്‍ കഴുത്ത്തിലന്നു
തട്ടിട്ട മുറിയില്‍നിന്ന് വിട പറഞ്ഞുയെന്‍ ‍പ്രിയ
കെട്ടഴിച്ച് വിട്ടുവെന്നെ ദുഃഖമോടെ മാതുലന്‍

പട്ടു മെത്തമേല്‍ ‍കിടന്ന സാധുവാമിയെന്‍ ഗതി
എട്ടുകാലി വലയില്‍ പെട്ട മിണ്ടാപ്രാണി പോലെയായി
ഒട്ടുമിക്ക നേരവും നിനവില്‍ ‍തെളിയും നിന്‍ ‍മുഖം
പൊട്ടുതൊട്ട നെറ്റിയില്‍ ഞാന്‍ ‍എകിടട്ടെ ചുംബനം

ഒട്ടനേകം വട്ടമെന്നെ ഭ്രാന്തനെന്നോതിയില്ലേ
കേട്ട് നിന്ന് സഹതപിച്ചു ദൂരെ നിന്ന് ദേവിയും
വിട്ടെറിഞ്ഞ്‌ പോയി എന്നെ ഏകനാക്കി ദേവിയെന്നാല്‍
ഒട്ടനേകം മംഗളങ്ങള് ‍എകിടട്ടെയെന്‍ മുറയ്ക്ക്
@@@@@@@